ശ്രീവിദ്യ -  സമ്പ്രദായം, ചരിത്രം,  വികാസം, പ്രയോഗം

Back

ഡോ ആർ. രാമാനന്ദ്

Author

വേദങ്ങളും ആഗമങ്ങളും രണ്ടു വ്യത്യസ്തങ്ങളായ ധാരകളായി ഭാരതീയ  സംസ്കൃതിയെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വ്യത്യസ്തങ്ങളായ പാതകളാണെങ്കിലും പരസ്പര വിരുദ്ധത ആരോപിക്കാൻ പറ്റാത്ത ഒരു അടുപ്പം ഇവ തമ്മിൽ ഉണ്ട് എന്ന് നമുക്കു കാണാം. ഈ അടുപ്പത്തിനു കാരണം തിരഞ്ഞു പോയാൽ അതു ചെന്നെത്തുക ഇവ രണ്ടും ആരംഭിച്ചിരിക്കുന്നത് ഒരു പൊതു ബിന്ദുവിൽ ആണ് എന്ന അറിവിലാണ്. ഏതാണാ പൊതു ബിന്ദു? ശ്രുതി രണ്ടായി പിരിഞ്ഞു വൈദികം എന്നും ലൗകികം എന്നും ഹാരിതൻ ഹാരീത സംഹിതയിൽ  പറഞ്ഞതും ലൗകികം തന്നെ  താന്ത്രികം എന്നു കുല്ലൂകഭട്ടൻ പറഞ്ഞതും കാണുമ്പോൾ ശ്രുതി വിജ്ഞാനീയത്തിന്റെ രണ്ടു പാതകളാണ് ഇവ രണ്ടും എന്ന് കാണാൻ നമുക്ക് സാധിക്കും. അങ്ങനെ വരുമ്പോൾ എന്താണു ശ്രുതി എന്ന ചോദ്യം നമുക്കുള്ളിൽ ഉണ്ടായി വരുന്നു , കാരണം ആ ശ്രുതിയാണു  നേരത്തെ സൂചിപ്പിച്ച പൊതു ബിന്ദു . വേദമാകട്ടെ തന്ത്രമാകട്ടെ  ജനിച്ചതും വളർന്നതും സൈന്ധവ നാഗരികതയുടെയും ഉർവരതാ സംസ്കൃതിയുടെയും പോഷണമേറ്റ ശാദ്വല പുളിനങ്ങളിൽ ആണ് . വേദ നദിയിലൂടെയും തന്ത്ര നദിയിലൂടെയും ഒഴുകിയ ജലം ശ്രുതി  ആണ് , അത് ഉർവരതാ സംസ്കൃതിയുടേയും അമ്മ ദൈവാരാധനയുടെയും  സജൈവ പ്രാഗ്‌രൂപങ്ങളെയും ബിംബകല്പനകളയും ഉൾക്കൊള്ളുന്നതാണ്. അങ്ങനെ വരുമ്പോൾ ലോകത്ത് ആദ്യം എഴുതപ്പെട്ട ഗ്രന്ഥമായ ഋഗ്വേദത്തിനു തന്നെ കാരണമായ ശ്രുതി വിജ്ഞാനം അമ്മ ദൈവാരാധന ആണു എന്നുവരുന്നു. എന്നുവച്ചാൽ ലോകത്തിലെ ആദ്യത്തെ മതത്തിന്റെ പേരു ശാക്ത മതം എന്നാണ്.  ആദി മാതൃ ആരാധനയുടെ അലംഘനീയമായ ഈ  ധാര തന്നെയാണ് സനാതന ധർമ്മത്തിന് അടിസ്ഥാനമായി നിൽക്കുന്നത്.  വേദം അതിന്റെ മാതൃ സ്ഥാനം നൽകിയിരിക്കുന്നതു ഗായത്രി എന്ന അമ്മ ദൈവത്തിനാണ്  -വേദ മാതാ ഗായത്രി എന്നത് ഏറ്റവും ലളിതമായി ഉദാഹരിക്കാവുന്ന ഒന്നാണ്. എന്നാൽ വളരെ ഗഹനമായി ഈ വിഷയത്തെ ചിന്തിച്ചാൽ വേദ കാലത്തുനിന്നും പുരാവസ്തു പര്യവേക്ഷകർ ഉത്ഘനനം ചെയ്തെടുത്ത ത്രികോണാകൃതിയിലുള്ള ഹോമകുണ്ഡങ്ങൾ ആദി മാതൃ ആരാധനയുടെ പ്രതീകമായ യോനി ആണ് എന്നു കാണാം. മാതൃദേവതാരാധന പല രൂപങ്ങളിലും പല ഭാവങ്ങളിലും ഭാരതത്തിൽ മാത്രമല്ല പ്രാക്തനങ്ങളായ എല്ലാ സംസ്കൃതികളിലും നിലനിന്നിരുന്നു.സുമേറിയൻ, ഈജിപ്ഷ്യൻ യവന- റോമ സംസ്ക്കാരങ്ങൾ എല്ലാം തന്നെ മാതൃ പ്രരൂപങ്ങളുടെ ധാരാളിത്തം കൊണ്ടു പ്രസിദ്ധമാണ്. തീർച്ചയായും വിവേകാനന്ദ സ്വാമികൾ നിരീക്ഷിക്കുന്നതു പോലെ മതങ്ങളുടെ മാതാവായ സനാതന ധർമ്മത്തിന്റെ മൂല ബിന്ദുവും അതു തന്നെ ആണ്.

ലോകത്തിലെ ആദ്യ മതം ശാക്ത മതമാണു എന്നും അതിന്റെ സ്രോതസ്സ് ഊർവ്വരതാ വിശ്വാസങ്ങൾ ആണെന്നും മനസ്സിലാക്കിയാൽ അതിൽ അമ്മ എന്ന ശക്തി സങ്കൽപ്പത്തെ പോലെ ഒഴിച്ച് കൂടാൻ ആകാത്ത പേരാണ് അച്ഛന്റേത്. അച്ഛനെ ശിവൻ എന്നാണ് ഭാരതം വിളിച്ചത്. അമ്മ ഒരു സത്യവും അച്ഛൻ ഒരു വിശ്വാസവുമാണെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധം നമ്മുക്കു ഈ വിഷയത്തിൽ അച്ഛൻ ആരാണെന്ന അറിവ് തരുന്നവൾ ആണമ്മ - ശിവജ്ഞാന പ്രദായിനി . ശിവം എന്ന പരം പൊരുള്ളിലേക്കു നയിക്കുന്ന അമ്മയാണു ഭാരതത്തിൽ ശക്തി. മാതൃദേവതാരാധന പലവിധത്തിൽ നമ്മുക്കിടയിൽ പ്രചരിച്ചിട്ടുണ്ട് ഒരു പക്ഷേ നമ്മുക്കറിവുള്ളതിലും കൂടുതൽ അറിവില്ലാത്ത വിധാനങ്ങളിൽ . ശ്രീചക്രോപാസകർ പ്രകട, പ്രകടേതര, ഗുപ്ത ഗുപ്തേതര എന്നീ ക്രമത്തിൽ യോഗിനികളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് മാതൃദേവതാരധനയുടെ സമ്പ്രദായ വൈവിധ്യത്തെ കുറിച്ചും പറയാവുന്നതാണ്. പ്രകടമായും , പ്രകടേതരമായും , ഗുപ്ത - ഗുപ്തേതരമായും ആരാധികപ്പെടുന്ന പരായോഗിനിയാണ് ശക്തി . അതുകൊണ്ട് തന്നെ ശക്ത്യുപാസന ഇത്രവിധം എന്ന് പറയാൻ സാധ്യമല്ല. എങ്കിലും തന്ത്ര ശാസ്ത്രത്തിന്റെയും സമ്പ്രദായങ്ങളുടെയും ഒരു രേഖാ ചിത്രം തയ്യാറാക്കിയ പ്രൊഫ: അലക്സിസ് സാൻഡേഴ്സൺ ശൈവ ധർമ്മത്തിന്റെ കാഴ്ച്ചപ്പാടിൽ നിന്ന് കൊണ്ട് ശക്ത്യുപാസനയുടെ വിവിധ സമ്പ്രദായങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. ശിവശാസനകളുടെ മന്ത്രമാർഗ്ഗ പിരിവിൽ , കൗള ത്രികത്തിന്റെ നാലു ആമ്നായങ്ങളിൽ ശക്ത്യുപാസനെയെ അദ്ദേഹം അടയാളപ്പെടുത്തുന്നു. ഉത്തരാമ്നായത്തിൽ ഇന്ന് ലുപ്ത പ്രായമായിപോയ മാതാ ക്രമം, നേപ്പാളിൽ പ്രചരിതമായ ഗുഹ്യകാളീ ക്രമം, കേരളത്തിലെ പതിമ്മൂന്ന് ശാക്ത കാവുകളിൽ ഉൾപ്പെടെ ആരാധിക്കപ്പെടുന്ന കാലസംകർഷിണിയുടെ ക്രമ സമ്പ്രദായം. പൂർവ്വാമ്നായത്തിലെ യോഗിനി കുലങ്ങൾക്ക് ആധാരമായ കുലേശ്വരൻ കുലേശ്വരി സമ്പ്രദായം, പശ്ചിമാമ്നായത്തിലെ നവാത്മഭൈരവ സഹിതയായ കുബ്ജികയുടെ സമ്പ്രദായം ദക്ഷിണാമ്നായത്തിലെ മഹാഷോഡശിയുടെ ത്രിപുരാസമ്പ്രദായം എന്നിവായാണിവ.

ഇതിൽ പ്രചാരത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ക്രമം ത്രിപുരാസമ്പ്രദായം തന്നെയാണ്. ത്രിപുരസുന്ദരിയെ ഉപാസിക്കുന്ന ഈ ക്രമത്തിന്റെ മഹിമ കൊണ്ട് ദക്ഷിണാമ്നായത്തെ ത്രിപുരാമ്നായം എന്നോ ത്രൈപുരം എന്നു പോലും വിളിക്കുന്നു. എന്തുകൊണ്ട്‌ ഈ സമ്പ്രദായത്തിനു മറ്റു സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഇത്ര പ്രചാരം ലഭിച്ചു എന്നത് ഒരു ചോദ്യമാണ്. ഒരുപാടു ഉത്തരങ്ങൾ ലഭിക്കാവുന്ന ഒരു ചോദ്യം. ഉപാസിക്കപ്പെടുന്ന ശ്രീ ലളിതാ പരമേശ്വരിയുടെ പ്രാഭവത്തെ കൊണ്ട് എന്ന സുചിന്തിതമായ ഉത്തരം മാറ്റി വെച്ച് ചിന്തിച്ചാൽ എന്തൊക്കെയാണ് മറ്റു കാരണങ്ങൾ ?   


ഒരു പക്ഷേ സാമ്പ്രാദായിക ഉപാസകർക്ക് ഇന്നുണ്ടായിരിക്കുന്ന വേദാന്ത സ്വാധീനം കൊണ്ട് നെറ്റിചുളിക്കാവുന്ന ഒരു കാരണമാണ് ഇതിൽ ആദ്യം ത്രിപുരസുന്ദരിയെ ലളിത,രാജ രാജേശ്വരി എന്ന പേരിൽ ആരാധിക്കുന്ന ക്രമത്തെ ശ്രീവിദ്യ എന്ന പേരിൽ അറിയപ്പെടുന്നത് പതിനാലാം നൂറ്റാണ്ടിനു ശേഷമാണ് എന്ന് അന്ന ഗോലോവ്കോവ നിരീക്ഷിക്കുന്നു. അമൃതാനന്ദനാഥൻ എന്ന  യോഗി പതിനാലാം നൂറ്റാണ്ടിൽ എഴുതിയ യോഗിനീഹൃദയത്തിന്റെ വ്യാഖ്യാനത്തിലാണ് ആദ്യമായി ശ്രീവിദ്യ എന്ന പ്രയോഗം ഉപയോഗിച്ചു കാണുന്നത്. ചരിത്രപരമായി ശ്രീവിദ്യ എന്ന പ്രയോഗം പുതിയതാണെന്ന് കണ്ടാലും ആ ഉപാസനാ സമ്പ്രദായം കൗബ്ജികം (പശ്ചിമാമന്മായം) കാളീ കുലം / ക്രമം എന്നിവയെക്കാൾ പഴയതാണ്.  ശ്രീവിദ്യ എന്ന സമ്പ്രദായത്തിന്റെ ആദിമ രൂപമായ ത്രിപുരസുന്ദരീ ക്രമമാണ് ഈ പുരാതന ക്രമം . ഒരു പഠനാവശ്യത്തിന് കർണ്ണൂൽ അവധൂത നാദാനന്ദയെ കണ്ടപ്പോൾ അദ്ദേഹം ശ്രീശൈലം ഭാഗത്ത് വനവാസികൾക്കിടയിൽ നിലനിന്ന ഹാദി വിദ്യയെ കുറിച്ച് സംസാരിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോൾ വളരെ വിശാലമായ വിധത്തിൽ പ്രചരിക്കപ്പെട്ട ഈ സമ്പ്രദായത്തിന്റെ പ്രചുരപ്രചാരവും ജനകീയതയും എങ്ങനെയുണ്ടായി എന്നതാണ് ഇവിടെ ചിന്തിക്കുന്നത്. യുക്തിപരമായി ചിന്തിച്ചാൽ മൂന്നു കാരണങ്ങൾ അതിനുണ്ട് എന്ന് കാണാം.

ആദ്യത്തെ കാരണം.

ഇന്ന് ശ്രീവിദ്യയായിരിക്കുന്ന ത്രിപുരയുടെ സാധന ഒരു വശ്യ വിദ്യയാണ്.  സർവ്വതിനെയും വശത്തിലാക്കുന്ന വശ്യ വിദ്യ. കാമദേവൻ പ്രധാനമായിവരുന്ന നിത്യാ ഉപാസനാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം കാണുന്ന ശ്രീവിദ്യ വളർന്നത് എന്ന് നിത്യാകൗളതന്ത്രത്തെയും , മന്ഥാന ഭൈരവ തന്ത്രത്തിന്റെ  സിദ്ധകാണ്ഡത്തെയും പ്രമാണമാക്കി  ഗോലോവ്കോവയും സാൻഡേഴ്സണും വാദിക്കുന്നു. ശ്രീവിദ്യയിൽ ഇന്ന് കാണുന്ന ക്രമത്തെ നോക്കിയാൽ ഈ വാദത്തെ തള്ളി കളയാൻ സാധിക്കില്ല. നിത്യാ ക്രമത്തിൽ ആരാധ്യനായിരിക്കുന്ന ദേവൻ കാമദേവനാണ് . അവിടെ ദേവി വശങ്കരിയായ കാമേശ്വരിയാണ്.  നിത്യാസാധന ഭോഗപരമാണ് , ഭുക്തി അതിന്റെ പ്രധാന വിഷയമാണ്. ലോകർക്ക് ഏറ്റവും പ്രിയമുള്ളതും ആണ് എന്നത് ഈ പദ്ധതിയ്ക്ക് ലഭിച്ച പ്രചാരത്തിന് ഒരു കാരണമാണ്. ഇന്ന് കേൾക്കുമ്പോൾ വേദാന്ത സ്വാധീനം കൊണ്ട് ശ്രീവിദ്യാസാധകർക്ക് നെറ്റി ചുളിക്കാവുന്ന ഒരു കാരണമാണിത് എന്നാൽ മന്ത്രമാർഗ്ഗത്തിൻറെ പ്രത്യേകത തന്നെ അത് ലോകാഭിമുഖമാണ് എന്നതാണ്. ലോകാതീതമായ തന്ത്രത്തിന്റെ അതിമാർഗ്ഗത്തിനും മറ്റും കാണാത്ത വിധം പ്രചാരം ശ്രീവിദ്യാ പാരമ്പര്യത്തിന് ലഭിക്കാനുള്ള കാരണം മറ്റൊന്നുമല്ല അത് ലൗകികമായ കാര്യങ്ങളെ പ്രദാനം ചെയ്യുന്നു എന്നത് തന്നെയാണ്. ശ്രീവിദ്യാസാധാകർക്ക് തീർച്ചയായും മനസ്സിലാക്കാവുന്ന ഒന്നാണ് അതിലെ നവചക്രങ്ങളുടെയും ദശമുദ്രകളുടെയും , ദളങ്ങളുടെയും പേരുകളിൽ കാണുന്ന ആകർഷണത്തിന്റെയും വശ്യത്തിന്റെയും നാമങ്ങൾ . സാമാന്യനെ പറഞ്ഞുവരുന്ന മോക്ഷം എന്ന കൽപ്പനയെക്കാൾ കൂടുതൽ സർവ്വാനന്ദമയമായ ദേഹവാദപരമായ ജീവന്മുക്തി തന്നെയാണ് ശ്രീവിദ്യയുടെ അടിസ്ഥാനം.

രണ്ടാമത്തെ കാരണം

നിത്യാകൗളത്തിനു ശേഷം രചിക്കപ്പെട്ട വാമകേശ്വരീമതം കാമേശ്വര സങ്കൽപത്തിന് മന്മഥ എന്ന പ്രാഗ്രൂപത്തിന് മേൽ ശിവ സങ്കൽപത്തിന്റെ മേലങ്കിയണിയിക്കുന്നു. കാമദേവനു നിത്യാ ക്രമത്തിൽ ഉണ്ടായിരുന്ന പ്രാധാന്യത്തിനു കുറവ് വന്നു എങ്കിലും അതിന്റെ സ്വാധീനം ഇന്നും ശ്രീവിദ്യയിൽ കാണുന്നു.  വാമകേശ്വര തന്ത്രത്തിന്റെ മറ്റൊരു നാമമായ നിത്യഷോഡശികാർണവം എന്ന പേരു തന്നെ നിത്യാ- ഷോഡശി എന്ന പരിണാമത്തിന്റെ സൂചകമാണ്. അതിലുപരി കാമേശ്വരനും കാമേശ്വരിക്കും കാണപ്പെടുന്ന കാമദേവ കൽപനയുടെ രൂപഹാവാദികൾ മറ്റൊരു ശക്തമായ സൂചനയാണ്. അനംഗന്റെ സ്വാധീനം ശ്രീവിദ്യയിൽ നിന്ന് എടുത്ത് മാറ്റാൻ പറ്റാത്തതാണ് . 

വാമകേശ്വരീമതത്തിന്റെ കാലഘട്ടത്തിൽ ത്രിപുര സുന്ദരിയെ ശ്രീരാജരാജേശ്വരി എന്നു വിളിക്കുന്ന രീതി പ്രബലമായി വരുന്നു. രാജാക്കന്മാരുടെ ഈശ്വരി എന്നർത്ഥം കല്പിക്കുന്ന ഈ പ്രയോഗം അക്ഷരാർത്ഥത്തിൽ രാജാക്കന്മാരുടെ മഹാവിദ്യ എന്ന അർത്ഥത്തിൽ തന്നെ ത്രിപുര ഉപാസനയുടെ പ്രചാരം സൂചിപ്പിക്കുന്നു . ഗുപ്ത കാലഘട്ടത്തിൽ താന്ത്രിക സംസ്കൃതിയുടെ വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടായി എന്ന് ന്നേക്കിയാൽ കാണാവുന്നതാണ് . ഒരു പക്ഷേ തുച്ചിയെ പോലുള്ള പണ്ഠിതർ തന്ത്രം ഗുപ്തകാലഘട്ടത്തിന്റെ സൃഷ്ടിയാണ് എന്ന് വാദിക്കുന്ന തരത്തിൽ പോലും ലിഖിത പാഠങ്ങളുടെ ഒരു കുത്തൊഴുക്ക് ഏ ഡി രണ്ട് - മൂന്ന് നൂറ്റാണ്ടുകളിൽ ഉണ്ടായി. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രബലനായ ചക്രവർത്തിയായ ചന്ദ്രഗുപ്തൻ രണ്ടാമൻ അഥവാ വിക്രമാദിത്യൻ ഉപാസിച്ച സമ്പ്രദായം എന്നും മറ്റും ത്രിപുര ഉപാസനയെ പിന്നിട് പറഞ്ഞു തുടങ്ങുന്നത് ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. സമ്രാട്ടുകളുടെ വിദ്യയാണ് ഇതെന്നും  അതുകൊണ്ട് ദേവി മഹാസാമ്രാജ്യദായിനി ആകുന്നു എന്നും അവൾ രാജരാജേശ്വരിയും  ശ്രീ മഹാരാജ്ഞിയും സിംഹാസനേശ്വരിയും ആണ് എന്നും നാമറിയുന്നു. തീർച്ചയായും രാജാക്കന്മാർ ഈ പന്ഥാവ് പിൻപറ്റി എന്നത് തന്നെ ഈ വിദ്യയുടെ പ്രചാരത്തിനു അതിശക്തമായ മറ്റൊരു കാരണമാണ്.

മൂന്നാമത്തെ കാരണം

തീർച്ചയായും ഭാരതത്തിൽ ധർമ്മത്തിന്റെ മാർഗം ഏതാണ് എന്ന് തീരുമാനിക്കുക മഹാത്മാക്കൾ നടന്ന വഴി വെച്ചാണ് അങ്ങനെ നോക്കുമ്പോൾ ഒട്ടനവധി മഹാത്മാക്കൾ സഞ്ചരിച്ച പാതയാണ് ആണ് ത്രിപുരയുടേത്. ക്രോധഭട്ടാരകൻ എന്ന ദുർവാസാവ് മുതൽ ശ്രീ ഭാസ്കരായമഖി വരെയുള്ള മഹാത്മാക്കളുടെ  പാരമ്പര്യത്തെ കാണുമ്പോൾ ആ പന്ഥാവ് തിരഞ്ഞെടുക്കാൻ സാധകന് സംശയിക്കേണ്ടതായി വരുന്നില്ല. മേൽപ്പറഞ്ഞ മൂന്നു കാരണങ്ങൾ ഉപാസ്യത്തിന്റെ മഹത്വത്തെ മാറ്റിവെച്ച് ചിന്തിച്ചാൽ ശ്രീവിദ്യാ പാരമ്പര്യത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും പ്രചാരണത്തിനും കാരണമാണ്. 

കൗള ത്രികത്തിന്റെ ഭൂമിയായ കാശ്മീരത്തിൽ ശ്രീവിദ്യ എന്ന പേരിൽ അഥവാ നിത്യാക്രമം എന്ന പുരാതന പദ്ധതി എന്ന നിലയിൽ പോലും ഈ സമ്പ്രദായത്തിനു പ്രചാരം ലഭിച്ചില്ല. എങ്കിൽപോലും പിന്നീട് കാശ്മീരിന്റെ  പ്രാദേശിക ദേവതയായ ശാരികാ ദേവിയെ ലളിതയായി തന്നെ കണക്കാക്കിവരുന്ന രീതി കണ്ടു വരുന്നു. ഇതു മുകളിൽ നിന്ന് ആരംഭിച്ച് താഴോട്ട് പ്രവഹിച്ച വിദ്യാ പ്രവാഹത്തിന്റെ തിരിച്ചുള്ള ഒഴുക്കിനെ (countercurrent) സൂചിപ്പിക്കുന്നതാണ് .   

അദ്ധ്യാത്മ വിദ്യയുടെ നോട്ടം എത്താത്ത സ്ഥലങ്ങളിൽ പോലും ശ്രീവിദ്യയുടെ കടന്നു ചല്ലൽ ഉണ്ടായിട്ടുണ്ട്. തന്ത്രം എന്ന വിശാലമായ പദ്ധതിയെ അറിയുന്നതിലും എത്രയോ കൂടുതൽ പേർ ശ്രീവിദ്യാ പദ്ധതിയെ അറിയുന്നുണ്ട് . തന്ത്രം പഠിക്കുന്നു എന്ന് പറഞ്ഞാൽ തന്നെ  സാമാന്യേന ശ്രീവിദ്യ പഠിക്കുന്നു എന്നുപോലും ആളുകൾ മനസ്സിലാക്കി വച്ചിരിക്കുന്നു . ഇത് തീർച്ചയായും ആ പദ്ധതിയുടെ വളർച്ചയുടെയും വലിപ്പത്തിന്റെയും സൂചകമാണ് . ഒരുപക്ഷേ നാളെ മറ്റു പദ്ധതികൾ സംരക്ഷിക്കപെട്ടിട്ടില്ല എങ്കിൽ തന്ത്രം കേവലം ശ്രീവിദ്യ തന്നെയാണ് എന്ന അവസ്ഥ പോലും സംജാതമാകും വിധം ശ്രീവിദ്യാ പദ്ധതി ഇന്ന് ഭീമാകാരം കൊണ്ടിരിക്കുന്നു. 

ശ്രീവിദ്യാ പദ്ധതിക്ക് ഒരു ബാഹ്യ സ്വരൂപവും ഒരു ആന്തര സ്വരൂപവും നിലവിലുണ്ട് . വാമകേശ്വരീ മതത്തിൽ കേന്ദ്രീകൃതം ആയ ബാഹ്യ ആരാധനാ പദ്ധതിയുടെ ഒപ്പം തന്നെ യോഗിനിഹൃദയം, ഭാവനോപനിഷത്ത് തുടങ്ങിയ ആന്തരിക ആരാധനാ വിധി  സമയം മാർഗ്ഗത്തിനോട് ചേർന്നു പോകും വിധം കാണുന്നുണ്ട് . വിഖ്യാത പണ്ഡിതനായ ആൻഡ്രോ പഡോക്സ്  നിരീക്ഷിക്കുന്നത് കാശ്മീരശൈവാചാര്യനായ അഭിനവഗുപ്ത മഹാപ്രഭുവിന്റെ സ്വാധീനമാണ് ശ്രീവിദ്യയുടെ ആന്തരികമായ സാധനാ പദ്ധതിയുടെ തുടക്കത്തിനു കാരണമെന്നാണ് .  യോഗിനിഹൃദയം പോലും അഭിനവമഹാപ്രഭുവിന്റെ സ്വാധീനത്താൽ വിരചിതമായതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും ശ്രീവിദ്യയുടെ ആന്തരിക സാധനാ പദ്ധതിയെക്കാൾ കൂടുതൽ പ്രചാരം ഇന്ന് ബാഹ്യസാധനാ രീതികൾക്ക് ലഭിച്ചിട്ടുണ്ട്. ക്ലിഷ്ടമായ ജ്യാമിതീയ രൂപമുള്ള ശ്രീചക്ര മേരു ഒരു എൻജിനീയറിംഗ് വിസ്മയമാണ് എന്നപോലെ നോക്കി കാണപ്പെടുന്നു. കേവലം സങ്കീർണ്ണമായ ഒരു ജ്യാമിതീയ ഘടന എന്നതിലുപരി തന്ത്രത്തിന്റെ തത്വചിന്തയെ ശിവാദ്യവനി പര്യന്തം ഉള്ള മുപ്പത്തിയാറ് തത്വങ്ങളെ അതി മനോഹരമായി വിന്യസിച്ചിരിക്കുന്ന ഒരു അപൂർവ്വ യന്ത്രമാണ് ശ്രീചക്ര മഹാമേരു.  യാഥാസ്ഥിതികമായ പദ്ധതികൾ പിന്തുടരുന്ന ഒരു സാധകനെ അത് വിസ്മയിപ്പിക്കുന്നതിനോടൊപ്പം തന്നെ തത്വചിന്താ കുതുകികളായ മനുഷ്യരെയും അത് അത്ഭുതപ്പെടുത്തുന്നു.

0 Comments