Article

ഡോ ആർ. രാമാനന്ദ്

Author

ആത്മാവിന്റെ ഹിമാലയം എന്നാണ് ഉപനിഷത്തുക്കളെ ശ്രീ. സുകുമാർ അഴിക്കോട് വിശേഷിപ്പിച്ചത്.
അനന്തമായ ആത്മവ്യാപ്തിയുടെ ചക്രവാളങ്ങൾ ഭയമേതുമില്ലാതെ സഞ്ചരിക്കാൻ സാധകനെ സജ്ജമാക്കുന്ന വേദാന്ത വിജ്ഞാനം തീർച്ചയായും ആ പേരിന് അർഹമാണ്.

എന്നാൽ ഒരു ജ്ഞാനപദ്ധതിയിൽ ഊന്നി മാത്രം ഈ സഞ്ചാരം ഒരു സാധാരണ മനുഷ്യനു സാധ്യമാണോ?

അല്ല, തീർച്ചയായും അല്ല.

കാരണം ഉപാധി രഹിതമായ ജ്ഞാനം, മനസിന്റെ ഉയർന്ന നില കൈവരിച്ച ഒരാൾക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്.
ഇവിടെയാണു തന്ത്രങ്ങളുടെ പ്രസക്തി. ഏതൊരു സാധാരണ വ്യക്തിക്കും ഉപാസനയുടെ മാർഗ്ഗം ക്രമികമായി സ്വീകരിക്കാവുന്നതാണ്. ആത്മവികാസത്തിനനുസരിച്ചു പടിപടിയായി ഉപാസനയിൽ ഉയർന്നുയർന്ന് ആത്മാവിന്റെ പരമവ്യാപ്തിയെ അനുഭവിപ്പിക്കാൻ പര്യാപതമാണു തന്ത്രം. എന്നാൽ തന്ത്ര പദ്ധതി ഇത്ര മികച്ച ഒരു വിദ്യാഭ്യാസ രീതി ആയിരുന്നിട്ടുകൂടി ഏറെ തെറ്റിദ്ധാരണകൾക്കും, സംശയങ്ങൾക്കും ഇരയായി തീർന്നിട്ടുണ്ട്.

എങ്ങനെ?

ഒരേ ഒരുത്തരം.
അതിനാൽ തന്ത്രയെന്ന പേരിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ എവിടെ ചേർത്തു വയ്ക്കണം എന്നു നമുക്കറിയാതെ പോയി. അല്പ ബുദ്ധികളും സ്വാർത്ഥമനസ്സുകളും തന്ത്രയുടെ പല രഹസ്യ പദ്ധതികളും ഒരു പക്ഷെ അർത്ഥം അറിയാതെ സമൂഹത്തിൽ വാരി വിതറി ജനത്തിനു  ഭ്രമം സൃഷ്ടിക്കുന്നു. ഫലമോ? ഒരുകാലത്തു ലോകം മുഴുവനും ഭാരതത്തിൽ വന്നു സ്വീകരിച്ച ഈ ആത്മവിദ്യ കേവലം ദുർമന്ത്രവാദമെന്നോ, അന്ധവിശ്വാസമെന്നോ ഒക്കെയുള്ള ചാപ്പകുത്തലിനു വിധേയമായി. അതിലും വിഷമകരമായതു സാധകനെ ക്രമമായി ശിവത്വത്തിലേക്ക് ഉയർത്തുന്ന ഈ വിദ്യ നമുക്ക് അന്യമാകുന്നു എന്നതാണ്.

പരിഹാരമെന്ത്?

ഒരേ ഒരു പരിഹാരം. തന്ത്രശാസ്ത്രത്തിന്റെ എഞ്ചുവടി ചൊല്ലിപ്പഠിക്കുക എന്നതാണ്. അ, ആ എന്നു ചൊല്ലിപ്പഠിക്കുക, ക്രമമായി ഈ പദ്ധതിയെ മനസിലാക്കുക. അതാണു തന്ത്ര ശാസ്ത്രത്തിന്റെ മകുടമായ കാശ്മീര ശൈവ പ്രവേശിക കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നു മുതൽ ലളിതമായി പഠിച്ചു തുടങ്ങുക, അങ്ങനെ പഠിക്കാൻ ഈ പംക്തി നിങ്ങളെ സഹായിക്കും.