Article

കാവിൽമഠം ഭവദാസ്

Author

ആരംഭം തേടി പോവുക എന്നതു മനുഷ്യന്റെ കൗതുകം നിറഞ്ഞ ഒരിഷ്ടമാണ്. അറ്റമുണ്ടോ എന്നുറപ്പില്ലാത്ത ഒന്നിനെയാണു തേടുന്നതെങ്കിൽ അളവില്ലാത്ത ആനന്ദം തന്നെ അതിൽ നിന്നു ലഭിക്കും. ഇത്തരത്തിൽ ആരാധനയുടെ ആരംഭം തേടിപ്പോയ മതചരിത്രകാരന്മാർ ചെന്നെത്തിയത് സൃഷ്ടി എന്ന പ്രതിഭാസത്തെ ഒരത്ഭുതമായി കണ്ട ആദിമമനുഷ്യരിലാണ്. ശാസ്ത്രം വളർച്ചയുടെ കാതങ്ങൾ താണ്ടുമ്പോഴും സൃഷ്ടി എന്നത് ഇന്നും ഒരു പ്രഹേളികയാണ്. സൃഷ്ടിക്കായുള്ള സാഹചര്യം ഒരുക്കാം എന്നല്ലാതെ സൃഷ്ടിയുടെ അധികാരിയാകാൻ മനുഷ്യനു സാധിച്ചിട്ടില്ല.

 

 സൃഷ്ടിയുടെ വൈഭവം നല്കി പ്രകൃതി അനുഗ്രഹിച്ചതു സ്ത്രീയെ ആണ്, മാത്രമല്ല അമ്മ എന്ന കരുതലും സംരക്ഷണവും ഒരു ജീവന്റെ വളർച്ചയിൽ സുപ്രധാനപങ്കും വഹിക്കുന്നു. ഈ തിരിച്ചറിവ് അമ്മദൈവ ആരാധനയിലേയ്ക്കാണു വളർന്നത്. ഗോത്രസംസ്കൃതിയുടെ കാലഘട്ടത്തിൽ സ്ത്രീയ്ക്കു ശക്തി എന്ന പരിവേഷവും വന്നുചേർന്നതോടെ സ്ത്രീ എല്ലാ അർത്ഥത്തിലും ആരാധ്യയായി. മനുഷ്യന്റെ സാമൂഹിക പരിണാമത്തോടൊപ്പം അവന്റെ ആദ്ധ്യാത്മികപരിണാമവും സംഭവിക്കുന്നുണ്ടായിരുന്നു. അവന്റെ നിത്യകർമ്മങ്ങളും താത്പര്യങ്ങളും തത്ത്വചിന്തകളുടെ അകമ്പടി സ്വീകരിച്ചു. പ്രകൃതിശക്തികളെ മനനം ചെയ്തു ലഭിച്ച ഉള്ളറിവുകൾക്ക് അവൻ രൂപവും ഭാവവും കണ്ടെത്തി. അവയെ വീണ്ടും മനനം ചെയ്തവർ ശുദ്ധബോധത്തിന്റെ അമൃതു രുചിയ്ക്കാനിടയായി. ശിവൻ എന്ന ലക്ഷ്യവും അതിലേയ്ക്ക് എത്താനുള്ള മാർഗ്ഗമായ ശക്തിയും ആദ്ധ്യാത്മികതയുടെ ലോകത്തെ പ്രകാശോജ്വലമാക്കി. സൃഷ്ടി-സ്ഥിതി-സംഹാരം-തിരോധാനം-അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളുടെ പരിവൃത്തി, മൂലപ്രകൃതിയായ പരാശക്തിയിൽ തട്ടി പത്തു ഭാവങ്ങളായി വിമർശിച്ചു, അവയാണു ദശമഹാവിദ്യകൾ. അലൗകിക സൗന്ദര്യം വഴിഞ്ഞൊഴുകുന്നവളായും, അമ്മയായും, രക്തം ഉറഞ്ഞുപോകും വിധം ഭയം ജനിപ്പിക്കുന്നവളായും, ഭർത്സിക്കുന്നവളായും, വിരൂപയായുമെല്ലാം ഒരേ ശക്തി തന്നെ കാണപ്പെടുന്നു. തന്റെ പ്രകൃതിയിൽ ഈ പത്തു ഭാവങ്ങളെ തിരിച്ചറിയുന്ന പുരുഷൻ ശിവനായിത്തീരുന്നു. ദശമഹാവിദ്യകൾ എന്ന ഈ പംക്തി ശക്തിയുടെ ഈ പത്തു ഭാവങ്ങളിലേയ്ക്കു വെളിച്ചം വീശുകയാണ്, അവയുടെ രൂപഭാവങ്ങൾ മറച്ചുവയ്ക്കുന്ന രഹസ്യാർത്ഥങ്ങൾ അനാവരണം ചെയ്യുകയാണ്.